ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽനിന്ന് അടുത്തിടെ ബിജെപിയിലേക്കു കൂറുമാറിയ ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ രാഷ്ട്രപതിയെ സന്ദർശിച്ചു.
സംസ്ഥാനത്തെ 90 എഎപി എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് ഭഗവന്ത് സിംഗ് മൻ രാഷ്ട്രപതി ഭവനിലെത്തിയത്. എംഎൽഎമാർ രാഷ്ട്രപതിഭവനു പുറത്ത് കാത്തിരുന്നപ്പോൾ ഭഗവന്ത് സിംഗ് മൻ ഒറ്റയ്ക്കുചെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
’പഞ്ചാബിന്റെ ചതിയന്മാർ’ എന്നെഴുതിയ ചില പോസ്റ്ററുകളോടൊപ്പം കൂറുമാറിയ എംപിമാരുടെ ഫോട്ടോകളുമായാണ് എഎപി എംഎൽഎമാർ ഡൽഹിയിലെത്തിയത്.
അതേസമയം, എഎപിയിൽനിന്നു കൂറുമാറിയ മറ്റു മൂന്ന് എംപിമാരോടൊപ്പം രാഘവ് ഛദ്ദ എംപിയും ഇന്നലെ രാഷ്ട്രപതിയെ സന്ദർശിച്ചു. ഭഗവന്ത് സിംഗ് മൻ രാഷ്ട്രപതിഭവനിൽ എത്തുന്നതിന് തൊട്ടുമുന്പായിരുന്നു രാഘവ് ഛദ്ദ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
ബിജെപിയിലേക്കു കൂറുമാറിയ രണ്ട് എംപിമാർക്കെതിരേ പഞ്ചാബ് സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും റെയ്ഡുകൾ നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രാഷ്ട്രപതി ഭവൻ സന്ദർശനമെന്നതു ശ്രദ്ധേയമാണ്.
ബിജെപിയുമായി തങ്ങൾ ലയിച്ചതിനുശേഷം പഞ്ചാബ് സർക്കാർ സംസ്ഥാന സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് രാഷ്ട്രപതിയെ അറിയിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എക്സിലൂടെ രാഘവ് ഛദ്ദ അറിയിച്ചു.
അതേസമയം, എംഎൽഎമാർക്കൊപ്പം ഭഗവന്ത് സിംഗ് മൻ രാഷ്ട്രപതിയെ സന്ദർശിച്ചത് കൂറുമാറ്റിയ എംപിമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തേക്കാളുപരി കൃത്യമായ രാഷ്ട്രീയസന്ദേശത്തോടെയാണ്.
ആറ് രാജ്യസഭാ എംപിമാരെ കൂറുമാറ്റാൻ കഴിഞ്ഞെങ്കിലും എംഎൽഎമാർ തന്നോടൊപ്പംതന്നെയാണെന്ന സന്ദേശം ഡൽഹി വരെയെത്തിക്കാൻ പഞ്ചാബ് മുഖ്യമന്ത്രിക്കായി. കൂറുമാറിയ എംപിമാരെ അയോഗ്യരാക്കാനുള്ള സാധ്യത വിരളമാണെങ്കിലും പാർട്ടിയുടെ സംസ്ഥാനത്തെ ഐക്യവും ബലവും കാണിക്കാൻ പഞ്ചാബിലെ എഎപിക്ക് ഡൽഹി സന്ദർശനത്തിലൂടെ സാധിച്ചു.